Swachh Bharath Mission (Gramin)

രാജ്യത്തെ ഗ്രാമീണ മേഖലകളിലെ ശുചിത്വനിലവാരം ഉയർത്തുന്നതിനും ഉറപ്പാക്കുന്നതിനായി തുടങ്ങിയ പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ . ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും ശുചിമുറികൾ ലഭ്യമാക്കുക, ശാസ്ത്രീയ കക്കൂസ് മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പ് വരുത്തുക, മലിനജലമുക്ത സംവിധാനങ്ങൾ ഒരുക്കുക, ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കുക എന്നിവയാണ് സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാം ഘട്ടം (Swachh Bharat Mission (Grameen) Phase II) ലക്ഷ്യമാക്കുന്നത് . 2020-21 കാലഘട്ടത്തിൽ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യലക്ഷ്യം ഉന്നം വെച്ച് നേടിയെടുത്ത “വെളിയിട വിസർജ്ജന മുക്തമായ നാട്” എന്ന സ്ഥിതി നിലനിർത്തുന്നതോടൊപ്പം (Open Defecation Free - ODF) ഖര- ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യം വെക്കുന്നു. 15-ആം ധനകാര്യ കമ്മീഷൻ ഗ്രാന്റ്, മഹാത്മാ ഗാന്ധി നാഷണൽ ഗ്രാമീണ തൊഴിൽ ഗ്യാരണ്ടി പദ്ധതി (MGNREGS), എംപി/എംഎൽഎ ഫണ്ട്, സിഎസ്ആർ ഫണ്ടിംഗ് തുടങ്ങിയ മറ്റു ധനസഹായ സ്രോതസ്സുകളുടെ സംയോജനത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ എന്ന ഈ പദ്ധതിയുടെ വിഹിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിൽ വഹിക്കുന്നു. ഈ പദ്ധതി 2025-26 വരെ തുടരും.

പദ്ധതി ഘടകങ്ങളുടെ നടത്തിപ്പ്

1.വ്യക്തഗത ശൗചാലയ നിർമ്മാണം

സബ്സിഡി തുക 12000
തദ്ദേശസ്ഥാപന വിഹിതം 18000
ആകെ തുക 30000 ( യൂണിറ്റ് ഒന്നിന്, സെപ്റ്റിക് ടാങ്ക് നിർബന്ധം)

പുതുതായി നിർമ്മിക്കുന്ന വീടുകൾക്കും ടോയിലറ്റ് ഇല്ലാത്ത വീടുകൾക്കും മാത്രം. ബി.പി.എല്‍ കുടുംബങ്ങള്‍, എസ്.സി/എസ്.ടി കുടുംബങ്ങള്‍, ചെറുകിട നാമമാത്ര കർഷകര്‍, സ്ത്രീകള്‍ കുടുംബനാഥയായിട്ടുളള കുടുംബങ്ങള്‍ തുടങ്ങിയവർക്കും ഗുണഭോക്താക്കൾ ആകുന്നതിന് അർഹതയുണ്ടാകും. സബ്സിഡി തുക ഒരു യൂണിറ്റിന് 30000/-രൂപ ആയിരിക്കുന്നതും (തദ്ദേശസ്ഥാപന വിഹിതമായ 18000/- കൂടി ഉൾപ്പെടുത്തി ആകെ 30000/- രൂപ ഒരു യൂണിറ്റിന് അനുവദിക്കാവുന്നതാണ്). ടോയിലറ്റിനോടൊപ്പം സെപ്റ്റിക് ടാങ്കും സോക് പിറ്റും നിർമ്മിക്കുമ്പോഴാണ് സബ്‌സിഡി തുക അനുവദിക്കുക.

2. കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്സുകള്‍

70 ശതമാനം എസ്.ബി.എം (ജി) 2.10 ലക്ഷം
30 ശതമാനം 15-ആം ധനകാര്യ കമ്മീഷന്‍ 0.90 ലക്ഷം
ആകെ 3 ലക്ഷം

ഓരോ വില്ലേജിലും കുറഞ്ഞത് ഒരു കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്സ് ഏങ്കിലും ഉണ്ടാവേണ്ടതും ആയതിന്റെ പരിപാലന ചെലവ് അതാത് കമ്മ്യൂണിറ്റി തന്നെ വഹിക്കേണ്ടത്. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവർക്ക് പ്രത്യേകം കമ്പാർട്മെന്റ്ൾ നിർമ്മിക്കണം. ഒരു യൂണിറ്റിന് 3 ലക്ഷം രൂപയാണ് യൂണിറ്റ് കോസ്റ്റ്, കൂടാതെ അധിക സ്രോതസ്സ് എസ്.ബി.എം ഇതര ഫണ്ടുകളില്‍ നിന്ന് കണ്ടെത്താവുന്നതാണ്. പൊതു സ്വകാര്യ പങ്കാളിത്തം, സി എസ് ആര്‍ ഫണ്ട് എന്നിവ ഇതിലേക്ക് സ്വീകരിക്കാവുന്നതുമാണ്.

3. ഖര മാലിന്യ സംസ്ക്കരണ പദ്ധതികള്‍

ഓരോ ഗ്രാമപഞ്ചായത്തിനും ആളോഹരി വീതം 45 രൂപ ലഭ്യമാണ്. ഇതിന്റെ 70 ശതമാനം എസ് ബി എം ഗ്രാമീണവിഹിതവും 30 ശതമാനം പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റുമാണ് വഹിക്കുക.

3.1 എം സി എഫ് നിർമ്മാണം

എം സി എഫ് അനുബന്ധ സൗകര്യം (ബെയ് ലിംഗ് യന്ത്രം, അളവ് തൂക്കത്തിനായുള്ള സ്കെയിൽ, അഗ്നിസുരക്ഷാ ഉപകരണങ്ങൾ, ശുചിമുറി സൗകര്യം മുതലായവ ഒരുക്കുന്നതിനും, മിനി എം സി എഫുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ അവ സ്ഥാപിക്കുന്നതിനും സാധിക്കും

3.2 സാമൂഹിക തല കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍

ഒരു പ്രദേശത്തെ കുറേയധികം വീടുകള്‍/കോളനികള്‍/മാർക്കറ്റുകള്‍/പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കമ്പോസ്റ്റിംഗ് (തുമ്പൂർമുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍) മുതലായ സംവിധാനങ്ങൾ നിർമ്മിക്കാം. ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി നിർവ്വഹണത്തിനായി സഹായ സംഘടനകളെ തിരഞ്ഞെടുക്കാം.

3.3 ഖരമാലിന്യ ശേഖരണത്തിനായി വാഹനം

വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ എം.സി.എഫുകളിലേക്കും ആര്‍.ആര്‍.എഫുകളിലേക്കും കോണ്ടുപോകുന്നതിനായി പഞ്ചായത്തുകൾക്ക് ട്രൈസൈക്കിളുകള്‍, ബാറ്ററിയില്‍ പ്രവർത്തിക്കുന്ന വാഹനങ്ങള്‍, യന്ത്രവൽക്കൃത വാഹനങ്ങൾ എന്നിവ വാങ്ങാവുന്നതാണ്.

4. ഗോബർ-ധൻ (GOBAR–dhan) ബയോഗ്യാസ് പ്ലാന്റുകൾ

വലിയ അളവിൽ ജൈവമാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന മാർക്കറ്റുകൾ, പാർപ്പിട സമുച്ചയങ്ങള്‍, കോളനികൾ എന്നിവിടങ്ങളിൽ അവയുടെ സംസ്കരണം ലക്ഷ്യമാക്കി ഗോബർധൻ ബയോഗ്യാസ് പ്ലാന്റുകൾ നിർമ്മിക്കാവുന്നതാണ്. ജൈവ മാലിന്യങ്ങള്‍, മൃഗാവശിഷ്ടങ്ങള്‍, ചാണകം എന്നിവ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കാം. സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ വിഹിതമായി പരമാവധി ഒരു ജില്ലയ്ക്കു 50 ലക്ഷം രൂപയ്ക്കുള്ള പദ്ധതികൾ ഏറ്റെടുക്കാവുന്നതാണ്. 15-ആം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്‍ വിഹിതം ഉപയോഗപ്പെടുത്തി നാഷണല്‍ ന്യൂ ബയോഗ്യാസ് ഓർഗാനിക് മാന്യുവര്‍ പ്രോഗ്രാം (NNBOMP) മാനദണ്ഡ പ്രകാരം ആവശ്യമെങ്കിൽ കൂടുതൽ യൂണിറ്റുകൾ നിർമ്മി ക്കാവുന്നതുമാണ്.

5. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് യൂണിറ്റ്

ഭവനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വൃത്തിയുളള അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനും, പുനരുപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇത്തരത്തില്‍ ഒരു യൂണിറ്റ് സ്ഥാപിക്കുകയും ബെയ്‌ലിങ് ,ഷ്രഡിങ് , കൺവെയർ ബെൽറ്റ് എന്നിവയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കുകയും വേണം. ഒരു ബ്ലോക്ക് പഞ്ചായത്തിന് 16 ലക്ഷം രൂപ എസ്ബിഎം വിഹിതമായി ലഭ്യമാവും.

6. മലിനജല സംസ്കരണം

6.1 ദ്രവ മാലിന്യ പ്ലാന്റുകള്‍

മലിനജല പരിപാലനത്തിൽ ഒരു ഘടകം ഗ്രേ വാട്ടർ മാനേജ്‌മന്റ് എന്നതും (കക്കൂസ് മാലിന്യം അടങ്ങിയിട്ടില്ലാത്ത കുളിമുറിയിൽ നിന്നും അടുക്കളയിൽ നിന്നും മറ്റുമുള്ള മലിനജലം ) രണ്ടാമത്തെ ഘടകം കക്കൂസ് മാലിന്യ പരിപാലനവുമാണ്.

6.2 ഗ്രേ വാട്ടർ മാനേജ്മെൻറ്

മലവും മൂത്രവും കലരാത്തതും വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പുറം തള്ളുന്ന ദ്രവ മാലിന്യമാണ് ഗ്രേ വാട്ടർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ദൈനംദിന ആവശ്യങ്ങളിൽ നിന്നാണ് ഗ്രേ വാട്ടർ ഉത്പാദിപ്പിക്കുന്നത്.ഗ്രേ വാട്ടറിൽ ചില രാസ, ജൈവ മലിന പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. അടുക്കളയിൽ നിന്നും പുറംതള്ളുന്ന വെളളം, കുളിക്കാനും അലക്കാനും വീട് വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം, കന്നുകാലികളുടെ പരിപാലനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം, പൊതുജല സ്രോതസ്സുകളിൽ നിന്നും പൊതുടാപ്പുകളിൽ നിന്നും ഒഴുക്കി വിടുന്നതോ, കവിഞ്ഞൊഴുകുന്നതോ ആയ വെളളമെല്ലാം ഗ്രേ വാട്ടർ ഇനത്തിൽ ഉൾപ്പെടും.

സംസ്‌കരിച്ച മലിനജലം (ഗ്രേ വാട്ടർ ) കൊണ്ട് വീട് ,വാഹനങ്ങൾ, പൊതുസ്ഥലങ്ങൾ, ടോ യിലറ്റ് എന്നിവ വൃത്തിയാക്കാം. അടുക്കളത്തോട്ടങ്ങൾ, പാർക്കുകൾ തുടങ്ങിയവയുടെ ജലസേചനത്തിനും മൽസ്യ കൃഷി, ഭൂഗർഭജല റീച്ചാർജ് തുടങ്ങിയവയ്ക്കും പുനരുപയോഗിക്കാം .

സാമ്പത്തിക വിഹിതം

പഞ്ചായത്ത് തലത്തില്‍ കോളനികള്‍, മാർക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് മലിനജല സംസ്കരണ പ്ലാന്റുകൾ (DEWATS – Decentralized Wastewater Treatment System), സെഡിമെന്റേലഷന്‍ കുളങ്ങള്‍, മറ്റു വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകള്‍ എന്നിവ 70 % സ്വച്ഛ് ഭാരത് മിഷൻ വിഹിതവും 30% 15-ആം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് വിഹിതവും സംയോജിപ്പിച്ച് പദ്ധതി രൂപീകരണം നടത്താവുന്നതാണ്. ആകെ ജനസംഖ്യ അയ്യായിരത്തിന് മുകളിലുള്ള ഓരോ വില്ലേജിനും ആളോഹരി 660 രൂപ ലഭ്യമാവും.

7. ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് ( എഫ് എസ് എം )

മനുഷ്യ വിസർജ്ജ്യവും, ജലവും കൂടി ചേർന്ന മാലിന്യമാണ് ഫീക്കൽ സ്സഡ്‌ജ്. മനുഷ്യ വിസർജ്ജ്യമുൾപ്പെടുന്ന ഫീക്കൽ സ്ലഡ്‌ജ് സെപ്റ്റിക് ടാങ്കുകളിലും കക്കൂസ് കുഴികളിലുമാണ് സംസ്‌കരിക്കുന്നത്. പലപ്പോഴും കാലപ്പഴക്കം മൂലമോ, ശേഷിയിൽ കവിഞ്ഞ രീതിയിൽ മാലിന്യമെത്തുമ്പോഴോ അവ നിറഞ്ഞു കവിയുവാനും പരിസരവും ജല സ്രോതസ്സുകളും മലിനപ്പെടുത്തുവാനും ഇടയാക്കുന്നു. അതോടൊപ്പം ആറ് മാസം തുടർച്ചയായി നീണ്ടുനിൽക്കുന്ന മഴക്കാലം ഇത്തരം മാലിന്യങ്ങൾ ജല സ്രോതസ്സുകളിൽ എത്തിച്ചേരുന്നതിന് ഇടയാക്കുന്നു.

സെപ്റ്റിക് ടാങ്ക്, കക്കൂസ് കുഴികൾ മുതലായ ഓൺസൈറ്റ് സാനിറ്റേഷൻ സിസ്റ്റം സംവിധാനങ്ങളിൽ നിന്നും ഫീക്കൽ സ്ലഡ്‌ജ്‌ മാലിന്യം ശാസ്ത്രീയമായി ടാങ്കറുകളിൽ ശേഖരിച്ച് സുരക്ഷിതമായി സംസ്‌കരണ ശാലകളിലെത്തിച്ച് നിർമാർജ്ജനം ചെയ്യുന്നതിനെ ആണ് ഫീക്കൽ സ്ലഡ്‌ജ് മാനേജ്‌മെന്റ് എന്ന് പറയുന്നത്. ഫീക്കൽ സ്ലഡ്‌ജ്‌ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (PPE) ഉപയോഗം ഉറപ്പു വരുത്തണം.

ഫീക്കൽ സ്ലഡ്‌ജ് മാനേജ്മെന്റിന്റെ ആവശ്യകത

സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാൻ ഫീക്കൽ സ്ലഡ്‌ജ് മാനേജ്‌മെന്റ് ഒരു അത്യാവശ്യ ഘടകമാണ്. 2016 ൽ വെളിയിട വിസർജ്ജന വിമുക്ത പ്രദേശമായി പ്രഖ്യാപിച്ച സംസ്‌ഥാനമാണ് കേരളം. എന്നാൽ കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുവാൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്ത‌ത കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഏറ്റവും അധികം നേരിടുന്ന ഒരു പ്രദേശമായി നമ്മുടെ സംസ്‌ഥാനം മാറിയിരിക്കുന്നു. വീട്ടിൽ നിന്നും, കമ്മ്യൂണിറ്റി/പൊതു ടോയ്‌ലറ്റുകളിലും നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ശരിയായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കക്കൂസ് മാലിന്യ സംസ്ക്കരണത്തിനുള്ള സാമ്പത്തിക വിഹിതം

സ്വച്ഛ് സർവേക്ഷൺ മിഷൻ ( എസ് ബി എം ) ഗ്രാമീണിൽ നിന്നും 230 രൂപ ആളോഹരി വകയിരുത്താവുന്നതാണ്. ഓപ്പറേഷൻ ആൻഡ് മെയിന്റനൻസിനായി തദ്ദേശ സ്ഥാപനങ്ങൾ ഒറ്റയ്ക്കോ സംയുക്തമായോ ഫിനാൻസ് കമ്മീഷൻ ഗ്രാന്റ് (ടൈഡ്)/തനത് ഫണ്ടിൽ നിന്നും കണ്ടെത്തേണ്ടതാണ്.

AIP 2024-25 (in crore )
എസ്ബിഎം (ജി ) 335.29 (കേന്ദ്രം- 201.18,കേരളം- 134.11)
15th ഫിനാൻഷ്യൽ കമ്മീഷൻ 170.10
എം.ജി.എൻ.ആർ.ഇ.ജി.എസ് 18.89
ബിസിനസ് മോഡൽ 0.00
മറ്റ് സ്രേതസ്സുുകൾ 4.73
ആകെ 529.06

2024-25 സാമ്പത്തിക വർഷത്തിനായുള്ള ഭൗതികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ (കോടികൾ )

ഘടകം ഭൌതിക ലക്ഷ്യം കേന്ദ്ര വിഹിതം സംസ്ഥാന വിഹിതം
ഐ.എച്ച്.എൽ.എൽ 23812 10.72 7.15
സി.എസ്.സി 690 8.69 5.79
എസ്.ഡബ്ല്യു.എം 637 Villages 19.57 13.04
എൽ.ഡബ്ല്യു.എം 460 Villages 92.19 61.46
പി.ഡബ്ല്യു.എം 50 4.80 3.20
ഗോബർ-ധൻ 14 0.78 0.52
എഫ്.എസ്.എം 27 56.70 37.80
ഐ ഇ സി Upto 3% of SBM(G) funds 5.80 3.87
അഡ്മിൻ Upto 1% of SBM(G) funds 1.93 1.28
ആകെ   201.20 134.13