
ദേശീയ ശുചിത്വ സര്‍വേ 2025-26: ഇന്ത്യയിലെ മികച്ച തീരദേശ നഗരങ്ങളിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം; കേരളത്തിലെ മികച്ച ശുചിത്വ നഗരമായി മട്ടന്നൂർ
വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് ദേശീയ അംഗീകാരം; തുടർച്ചയായ രണ്ടാം വർഷവും മട്ടന്നൂരിന് നേട്ടം
തിരുവനന്തപുരം: കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 ദേശീയ ശുചിത്വ സർവേയിൽ കേരളത്തിന് അഭിമാനമായി ആലപ്പുഴയും മട്ടന്നൂരും. ഇന്ത്യയിലെ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, സംസ്ഥാനത്തെ മികച്ച ശുചിത്വ നഗരമായി മട്ടന്നൂർ തിരഞ്ഞെടുക്കപ്പെട്ടു. മാലിന്യസംസ്കരണ രംഗത്ത് രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരമായാണ് ഈ നേട്ടങ്ങൾ വിലയിരുത്തപ്പെടുന്നത്.
ആലപ്പുഴയ്ക്ക് ദേശീയതലത്തിൽ രണ്ടാം സ്ഥാനം
ഇന്ത്യയിലെ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ആലപ്പുഴ നഗരസഭ അഞ്ചാം തവണയാണ് ദേശീയതലത്തിൽ അംഗീകാരം നേടുന്നത്. 2020 മുതൽ തുടർച്ചയായി നാല് തവണ ദേശീയ അംഗീകാരം നേടിയ നഗരമാണ് ആലപ്പുഴ.
ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് , തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ശ്രീ. എം. ജി. രാജമണിക്യം, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയരക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ, നഗരസഭ സെക്രട്ടറി ശ്രീ. സനിൽ എസ് എന്നിവർ ചേർന്ന് ബഹു. രാഷ്ട്രപതിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.
ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിച്ച് ശേഖരിക്കുകയും ജൈവമാലിന്യം തുമ്പൂർമുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റിംഗ് സംവിധാനത്തിലൂടെ സംസ്കരിക്കുകയും ചെയ്യുന്ന വികേന്ദ്രീകൃത ഖരമാലിന്യ സംസ്കരണ മാതൃകയാണ് ആലപ്പുഴയുടെ പ്രധാന സവിശേഷത. ഈ മാതൃക ഇന്ന് രാജ്യത്തെ നിരവധി നഗരങ്ങൾക്ക് പ്രചോദനമാണ്.
നഗരസഭയുടെ വിവിധ കമ്പോസ്റ്റിംഗ് യൂണിറ്റുകളിലൂടെ പ്രതിദിനം ഗണ്യമായ അളവിൽ ജൈവമാലിന്യം സംസ്കരിക്കുന്നുണ്ട്. ഇതിലൂടെ ഉൽപ്പാദിപ്പിക്കുന്ന ജൈവവളം 'എയറോ ഫെർട്ട്' എന്ന ബ്രാൻഡ് നാമത്തിൽ കിലോഗ്രാമിന് ഏകദേശം 15 രൂപ നിരക്കിൽ വിപണനം ചെയ്യുന്നു. മാലിന്യത്തെ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റി സംസ്കരണ സംവിധാനത്തിന് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്ന ഈ മാതൃകയാണ് ആലപ്പുഴയെ ദേശീയതലത്തിൽ വ്യത്യസ്തമാക്കുന്നത്.
സംസ്ഥാനത്തെ മികച്ച ശുചിത്വ നഗരമായി മട്ടന്നൂർ
സ്വച്ഛ് സർവേക്ഷൻ 2025-26-ൽ കേരളത്തിലെ മികച്ച ശുചിത്വ നഗരമായി മട്ടന്നൂർ നഗരസഭ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് മട്ടന്നൂർ ദേശീയതലത്തിൽ അംഗീകാരം നേടുന്നത്.
മട്ടന്നൂർ നഗരസഭ ചെയർമാൻ, ശ്രീ എൻ ഷാജിത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ശ്രീ. എം. ജി. രാജമണിക്യം, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, നഗരസഭ സെക്രട്ടറി ശ്രീമതി. സിമി എച്ച് എന്നിവർ ചേർന്ന് ബഹു. രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലയ്ക്ക് തന്നെ മാതൃകയാകുന്ന 40 ടൺ പ്രതിദിന സംസ്കരണ ശേഷിയുള്ള ചിക്കൻ റെൻഡറിംഗ് പ്ലാന്റിന്റെ പ്രവർത്തനവും ജൈവ-അജൈവ മാലിന്യ സംസ്കരണ രംഗത്തെ മികച്ച ഇടപെടലുകളുമാണ് മട്ടന്നൂരിന്റെ നേട്ടത്തിന് പിന്നിൽ.
കഴിഞ്ഞ വർഷത്തെ സ്വച്ഛ് സർവേക്ഷനിൽ 9,522 മാർക്കും 76 ശതമാനം സ്കോറും നേടി മട്ടന്നൂർ സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു. മുൻവർഷത്തെ 3,576 മാർക്കിൽ നിന്ന് വലിയ മുന്നേറ്റമാണ് നഗരസഭ കൈവരിച്ചത്. ചെറിയ നഗരങ്ങളുടെ വിഭാഗത്തിൽ ദേശീയതലത്തിൽ 53-ാം സ്ഥാനത്തെത്തിയ മട്ടന്നൂരിന് 'പ്രോമിസിംഗ് സ്വച്ഛ് ശഹർ' എന്ന അംഗീകാരവും ലഭിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ നഗര ശുചിത്വ സർവേ
നഗര ശുചിത്വവും മാലിന്യസംസ്കരണവും മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്ക് മികച്ച ശുചിത്വ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി നഗരസഭകൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം 2016 മുതൽ സംഘടിപ്പിച്ചുവരുന്ന ദേശീയ വാർഷിക ശുചിത്വ സർവേയാണ് സ്വച്ഛ് സർവേക്ഷൻ.
2025-26-ൽ പത്താം പതിപ്പിലെത്തിയ സർവേയിൽ രാജ്യത്തെ 4,700-ലധികം നഗരങ്ങളാണ് പങ്കെടുത്തത്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ നടത്തിയ വിലയിരുത്തലിൽ പത്ത് പ്രധാന സൂചകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
1. ദൃശ്യപരമായമായ ശുചിത്വം.
2. മാലിന്യങ്ങളുടെ തരംതിരിക്കൽ, ശേഖരണം, ഗതാഗതം.
3. ഖരമാലിന്യ സംസ്കരണം.
4. ശുചിമുറി സൗകര്യങ്ങളുടെ ലഭ്യത.
5. ജല പുനരുപയോഗ സംവിധാനം
6. സെപ്റ്റേജ് മാലിന്യം നീക്കം ചെയ്യുന്ന സേവനങ്ങളുടെ യന്ത്രവൽക്കരണം.
7. ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ.
8. സ്ഥാപനപരമായ മാനദണ്ഡങ്ങളും സംവിധാനങ്ങളുടെ ശക്തിപ്പെടുത്തലും.
9. ശുചീകരണ തൊഴിലാളികളുടെ സമഗ്ര ക്ഷേമം.
10. പൗരാഭിപ്രായങ്ങള് രേഖപ്പെടുത്തലും പരാതി പരിഹാര സംവിധാനവും.
'ശുചിത്വത്തിനായി ഒരു പുതിയ തുടക്കം – കൈകോർക്കാം, ഒരുമിച്ച് ശുചീകരിക്കാം' (Swachhata Ki Nayi Pehel – Badhayein Haath, Karein Safai Saath) എന്നതായിരുന്നു ഈ പതിപ്പിന്റെ പ്രമേയം.
ആലപ്പുഴയും മട്ടന്നൂരും കൈവരിച്ച നേട്ടങ്ങൾ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും നടപ്പാക്കുന്ന മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ അടിവരയിടുന്നു. ജനപങ്കാളിത്തം, വികേന്ദ്രീകൃത മാലിന്യസംസ്കരണം, സാങ്കേതികവിദ്യയുടെ പ്രയോജനം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവയിലൂടെ ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് ഈ അംഗീകാരങ്ങൾ കൂടുതൽ പ്രചോദനമാകും.
ചിത്രങ്ങളും വീഡിയോകളും ഈ ലിങ്കില്‍
https://drive.google.com/drive/folders/1jijoNnGgVqBAiDddAQTHlTkuNyEFqOF0