Accessibility Menu
'മാസ്സ്' ക്ലീനിങ്: പബ്ലിക് ഓഫീസിൽ കോംപ്ലക്സിലെ 15.1 ടൺ പാഴ് വസ്തുക്കൾ നീക്കം ചെയ്തു.
സെപ്റ്റംബർ 17 മുതൽ നവംബർ ഒന്നു വരെ സംസ്ഥാനത്ത് നടക്കുന്ന ശുചിത്വോത്സവം ക്യാമ്പയിനിൻ്റെ ഭാഗമായി തിരുവനന്തപുരം പബ്ലിക് ഓഫീസിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞവും 'സ്ക്രാപ് ഹണ്ടിങ്' പ്രവർത്തനവും വഴി കെട്ടിക്കിടന്നിരുന്ന 15.1 ടൺ പാഴ് വസ്തുക്കൾ നീക്കം ചെയ്തു.
ശുചിത്വ മിഷൻ്റെയും ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്റെയും നേതൃത്വത്തിൽ പബ്ലിക് ഓഫീസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കേരള മിഷൻ, ഇറിഗേഷൻ, പൊതുമരാമത്ത്, ജി എസ് ടി, ഭക്ഷ്യ പൊതുവിതരണം ഉൾപ്പെടെ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ ഈ യജ്ഞത്തിലൂടെ കെട്ടിടത്തിന്റെ പരിസരവും ശുചിമുറികളും വൃത്തിയാക്കി. 'സ്‌ക്രാപ്പ് ഹണ്ടിലൂടെ' ശേഖരിച്ച മാലിന്യങ്ങളിൽ 4 ടൺ ഇ-മാലിന്യം, 4.5 ടൺ ഫർണിച്ചർ മാലിന്യം, 3.8 ടൺ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ, 2.8 ടൺ ലോഹവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഈ മാലിന്യങ്ങളെല്ലാം തുടർ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പാഴ് വസ്തുക്കൾ ശേഖരിച്ച ക്ലീൻ കേരള കമ്പനിയുടെ 'സ്ക്രാപ്പ് ഹണ്ട്' വാഹനം ലാൻഡ് റവന്യൂ കമ്മീഷണർ കെ ജീവൻ ബാബു ഫ്ലാഗ് ഓഫ് ചെയ്തു.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് നേതൃത്വം നല്കി. ഡയറക്ടർമാരായ ബി. നീതുലാൽ, ടി. എം. മുഹമ്മദ് ജാ എന്നിവരും ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർമാരായ പ്രിയ ഐ. നായർ, ജേക്കബ് സഞ്ജയ് ജോൺ, അജീഷ്. കെ എന്നിവരും മുന്നൂറോളം ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പൊതു സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി നടന്ന ഈ സംരംഭത്തിൽ പങ്കെടുത്ത എല്ലാവർക്കും ശുചിത്വ മിഷൻ ഡയറക്ടർ യു.വി. ജോസ് നന്ദി രേഖപ്പെടുത്തി.