മാലിന്യപരിപാലനം പഠിക്കാൻ ബെംഗളൂരുവിൽ നിന്ന് 16 അംഗ സംഘം കേരളത്തിൽ

10 Oct 2025, 02:15PM IST Events

മാലിന്യപരിപാലനം പഠിക്കാൻ ബെംഗളൂരുവിൽ നിന്ന് 16 അംഗ സംഘം കേരളത്തിൽ

സംസ്ഥാനത്തിന്റെ മാലിന്യസംസ്കരണ-പരിപാലന രംഗത്തെ നേട്ടങ്ങളെ നേരിൽ കണ്ട് പഠിക്കുന്നതിനായി ബെംഗളൂരുവിലെ ഹസീരുദള എന്ന എൻജിഒയുടെ നേതൃത്വത്തിലുള്ള 16 അംഗം സംഘം നടത്തിവന്ന പര്യടനം വെള്ളിയാഴ്ച്ച പൂർത്തിയായി. വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനത്തിലൂടെ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ വിശദമായി മനസ്സിലാക്കുന്നതിലേക്കാണ് ഹസീരുദളയുടെ സിഇഒയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ആലപ്പുഴയിലെ കാൻ ആലപ്പി പദ്ധതി, എറണാകുളത്തെ ഹീൽ പൊന്നുരുന്നി പദ്ധതി എന്നിവ സന്ദർശിച്ച സംഘം വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെത്തി ഹരിത കർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങളും മനസ്സിലാക്കി. തുടർന്ന് സംസ്ഥാന ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ യു.വി.ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ടീം അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

കേരളത്തിലെ പൊതുവിടങ്ങളിലെ ശുചിത്വം ഏറെ മാതൃകാപരമാണെന്നും, ഹരിത കർമ്മസേനാംഗങ്ങളുടെ പ്രവർത്തനം രാജ്യത്തിലെ തന്നെ അപൂർവ്വ കാഴ്ച്ചകളിലൊന്നാണെന്നും സംഘം വിലയിരുത്തി. മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ വിവിധ സംവിധാനങ്ങൾ, സാങ്കേതിക വിദ്യകൾ, മികച്ച പദ്ധതികൾ, വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും യോഗത്തിൽ വിദഗ്ധർ വിശദീകരിച്ചു. കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, വെയ്സ്റ്റ് മാനേജ്മെന്റ് സെക്രട്ടേറിയേറ്റ് എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.