Accessibility Menu
ഡിജിറ്റൽ പ്രോസസ് റീ-എൻജിനീയറിങ് വിഭാഗത്തിൽ കേരള സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ശുചിത്വ മിഷന്റെ ഹരിതമിത്രം ആപ്ലിക്കേഷന് ലഭിച്ചു. മാലിന്യസംസ്കരണത്തിനായി ഡിജിറ്റൽ സംവിധാനങ്ങളിൽ നടപ്പാക്കിയ മുന്നേറ്റത്തിനും ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയതിനുമുള്ള സുപ്രധാനമായ അംഗീകാരമാണിത്.
സംസ്ഥാനത്താകെ 37363 ഹരിതകർമസേനാംഗങ്ങൾ ഇപ്പോൾ അജൈവമാലിന്യശേഖരണം നടത്തുന്നത് ഹരിതമിത്രം ആപ്ലിക്കേഷൻ വഴിയാണ് മോണിട്ടർ ചെയ്യുന്നത്. മാലിന്യം ശേഖരിക്കുന്ന ഒരോ വീട്ടിലും സ്ഥാപനത്തിലും പതിച്ചിട്ടുള്ള ക്യൂ.ആർ.കോഡ് വഴി ഹരിതമിത്രം ആപ്ലിക്കേഷനിലേക്ക് വിവരങ്ങൾ നല്കുന്നതിനാൽ സംസ്ഥാനത്താകെയുള്ള മാലിന്യശേഖരണം ഇതുവഴി വിലയിരുത്താൻ കഴിയുന്നു. ഹരിതകർമസേനയുടെ സേവനം കൃത്യമായി എല്ലാ വീട്ടിലും സ്ഥാപനത്തിലും എത്തുന്നുണ്ടോ എന്ന വിവരവും ഓരോ തദ്ദേശസ്ഥാപനപരിധിയിലും ശേഖരിക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ കണക്കുകൾ, ജില്ലാ, സംസ്ഥാനതല ക്രോഡീകരണം എന്നിവയും ഇതുവഴി ലഭിക്കുന്നു. ഇതൊടൊപ്പം ഉപഭോക്താക്കൾക്ക് മാലിന്യശേഖരണത്തിനുള്ള ഷെഡ്യൂൾ അറിയാനും പരാതികൾ ഉന്നയിക്കാനുമുള്ള സംവിധാനവും ലഭ്യമാണ്.
2025 മാർച്ച് മാസത്തെ കണക്കനുസരിച്ച് ഹരിതകർമസേനവഴിയുള്ള മാലിന്യശേഖരണം ഉപയോഗപ്പെടുത്തുന്ന വീടുകളും സ്ഥാപനങ്ങളുമായി 89.5 ലക്ഷം ഇടങ്ങളിൽ ഹരിതമിത്രം ക്യ.ആർ. കോഡ് സ്ഥാപിച്ചതിൽ 88.27 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യശേഖരണം നടത്തിയതായി ഹരിതമിത്രം ഡാറ്റ സൂചിപ്പിക്കുന്നു. 99 ശതമാനം സേവനം നല്കാൻ കഴിഞ്ഞത് ഈ ആപ്ലിക്കേഷന്റെയും മാലിന്യ ശേഖരണത്തിന്റെയും ഫലപ്രാപ്തിയുടെ തെളിവാണ്. മറ്റു സംസ്ഥാനങ്ങളിലെ ചില നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ഡിജിറ്റൽ മോണിട്ടറിങ് ഉണ്ടെങ്കിലും ഒരു സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ വീടുകളിലെയും മാലിന്യശേഖരണം ഇത്തരത്തിൽ ഡിജിറ്റലായി മോണിട്ടർ ചെയ്യുന്ന സംവിധാനം മറ്റൊരു സംസ്ഥാനത്തും നലിവിലില്ല. ഇന്റർനെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളിൽ പോലും ഉപയോഗിക്കാനായി ഇത് ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിൽ പ്രവർത്തിക്കുന്നു.
ഹരിത കേരളം മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കെൽട്രോണിന്റെ സാങ്കേതിക നിർവഹണത്തിലാണ് ഹരിതമിത്രം ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇതിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുൾപ്പെടെയുള്ള ഏകോപനച്ചുമതല ശുചിത്വമിഷനാണ് നിർവഹിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ മാർഗനിർദേശവും സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയുടെ മേൽനോട്ടവും ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയിൽ നിർണായകമായി. തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഇതിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നു.
ഹരിതമിത്രം ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ ‘ഹരിതമിത്രം 2.0’ 2025 ആഗസ്റ്റ് 17-ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം. ബി.രാജേഷ് ലോഞ്ച് ചെയ്തിരുന്നു. ഇൻഫർമേഷൻ കേരള മിഷനായിരുന്നു പരിഷ്കരിച്ച പതിപ്പിന്റെ സാങ്കേതിക നിർവഹണച്ചുമതല. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉപഭോക്താക്കൾക്ക് യു.പി.ഐ. വഴി പ്രതിമാസ സേവന നിരക്ക് നൽകുന്നതിനുള്ള സംവിധാനം ഇതിലുണ്ട്. ഹരിതമിത്രം ആപ്ലിക്കേഷൻ പുതിയ പതിപ്പ് തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന കെ-സ്മാർട്ട് സോഫ്റ്റ്‌വെയറുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് കെട്ടിടനികുതി വിവരങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കെട്ടിടനികുതിയും ഉപയോക്തൃ ഫീസും ഒരുമിച്ച് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നു. കൂടാതെ, സേവനം നൽകിയ വീടുകൾ, ലഭിച്ച തുക, ഇനി സേവനം നൽകേണ്ട സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപനതല ഉദ്യോഗസ്ഥർക്ക് തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഐ.എം.ജി.യിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് അവാർഡ് ഏറ്റുവാങ്ങി.