ശബരിമല സുന്ദരം... 

ശുചിത്വ മിഷന് സർക്കാരിൻ്റെ ആദരം

ശബരിമല മണ്ഡലകാല മാലിന്യനിർമാർജനത്തിൽ മികച്ച സേവനങ്ങൾ നൽകിയ ശുചിത്വ മിഷനുള്ള സംസ്ഥാന സർക്കാറിന്റെ  ആദരം ബഹു. ദേവസ്വം മന്ത്രി ശ്രീ വി.എൻ.വാസവനിൽ നിന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ യു.വി.ജോസ്  ഏറ്റുവാങ്ങി.
മണ്ഡലകാലത്ത് സന്നിധാനവും പമ്പയുമുൾപ്പെടെ തീർത്ഥാടകർ ഒത്തുചേരുന്നതും, യാത്ര ചെയ്യുന്നതുമായ എല്ലാ ഇടങ്ങളിലെയും മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ ശുചിത്വ മിഷന്റെ  നടത്തിയ പ്രവർത്തനങ്ങൾ വലിയ പങ്കും നേട്ടവും കൈവരിച്ചുവെന്ന് മന്ത്രി പറഞ്ഞു.


ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തീർത്ഥാടകരുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകൾ തിരിച്ചു വാങ്ങി 30,000 തുണിസഞ്ചികൾ ശുചിത്വ മിഷൻ പകരം നൽകി.. ” ശബരിമലയിൽ മാലിന്യം വലിച്ചെറിയരുത്” എന്ന ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പോക്കറ്റ് കാർഡുകളും തുണിസഞ്ചികൾക്കൊപ്പം നൽകിയിരുന്നു. ഹിന്ദിയിലും, ഇംഗ്ലീഷിലുമുള്ള ബോർഡുകൾക്കും, ശബ്ദ അറിയിപ്പുകൾക്കും പുറമേ വിവിധ തെന്നിന്ത്യൻ ഭാഷകളിലും മാലിന്യനിർമ്മാർജ്ജന അവബോധപ്രവർത്തനങ്ങൾ നടത്തിയിരുന്നു.  പമ്പയിൽ തുണിമാലിന്യം ഉപേക്ഷിക്കുന്ന  പ്രവണത ഫലപ്രദമായി തടയാനായി ഇത്തവണ ”ഗ്രീൻ ഗാർഡ്സ്  എന്ന പേരിൽ നിയോഗിച്ചിരുന്ന വോളണ്ടിയർമാരുടെ  ഇടപെടലിലൂടെ സാധിച്ചു. 
മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിലും, ഹരിതചട്ടപാലനവും ഉറപ്പാക്കാൻ എൻഫോഴ്സ്മെൻ്റ് സക്വാഡുകൾ  ചെറുകിട കച്ചവടസ്ഥാപനങ്ങളിലടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനനിരോധനം  ഉറപ്പുവരുത്തി പ്രവർത്തിച്ചു. കൂടാതെ പമ്പയിലും, സന്നിധാനത്തുമെല്ലാം അക്ഷീണം പ്രവർത്തിച്ചിരുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും, അവർക്ക് വേണ്ട സൗകര്യങ്ങളും, സംവിധാനങ്ങളും യഥാസമയം ഒരുക്കികൊടുക്കുകയും ചെയ്തിരുന്നു. 


സാമൂഹിക മാധ്യമങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റെല്ലാ മാധ്യമങ്ങളിലൂടെയും നേരിട്ടും ശുചിത്വ മിഷൻ പ്രചരിപ്പിച്ച സന്ദേശങ്ങളിലൂടെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക എന്ന പ്രവണതയിൽ നിന്ന് ബഹുഭൂരിപക്ഷം തീർത്ഥാടകരെയും പിന്തിരിപ്പിക്കാനായതാണ് മാലിന്യക്കൂനകളില്ലാ മണ്ഡലകാലത്തിന് സഹായിച്ചതെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ യു.വി.ജോസ്  പറഞ്ഞു.