ഏപ്രിൽ 9 മുതൽ 13 വരെ കനകക്കുന്നിൽ വച്ച് നടക്കുന്ന വൃത്തി - ദേശീയ കോൺക്ലേവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മികച്ച ശുചിത്വ മാതൃകകളുടെ അവതരണം ആരംഭിച്ചു.
പാലസ് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ആദ്യ ദിനമായ ഏപ്രിൽ 9 നു പന്ത്രണ്ട് മുനിസിപ്പാലിറ്റികൾ തങ്ങളുടെ മാലിന്യ സംസ്കരണ രീതികളെപ്പറ്റിയും ശുചിത്വ പരിപാലന പ്രക്രിയകളെപ്പറ്റിയുമുള്ള വിവരങ്ങൾ പങ്കുവയ്ച്ചു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ, വിവിധ മാലിന്യ സംസ്‌കരണ പദ്ധതികൾ, എന്നിവയെ പറ്റി നഗരസഭാ അധികൃതർ തന്നെ സംസാരിക്കാൻ എത്തിയപ്പോൾ കാണികൾക്ക് ശുചിത്വത്തിൻ്റെ പ്രാധാന്യത്തോടൊപ്പം ഓരോ നഗരസഭകളുടെ പ്രവർത്തന മികവുകളും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. എം സി എഫ്, ആർ ആർ എഫ്, തുമ്പൂർമുഴി മോഡൽ, ജൈവ - അജൈവ- സാനിറ്ററി മാലിന്യ പ്ലാൻ്റുകൾ എന്നിവയെപ്പറ്റിയുള്ള വിശദ വിവരങ്ങൾ പ്രേക്ഷകർക്ക് അറിവുപകരുന്നതായിരുന്നു.
ഓരോ ടീമിനും പത്ത് മിനിറ്റ് വീതമാണ് സമയം അനുവദിച്ചിരുന്നത്. പ്രോജക്ട് അവതരണത്തിനു ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരുന്നു ഇത് വിധികർത്താക്കൾക്ക് ഓരോ നഗരസഭകളുടെയും പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്താൻ സഹായിച്ചു.
കൊട്ടാരക്കര, സുൽത്താൻ ബത്തേരി, ഷൊർണൂർ, ആന്തൂർ, പത്തനംതിട്ട, ആറ്റിങ്ങൽ, ചങ്ങനാശേരി, ഏലൂർ, ആലപ്പുഴ, പെരുന്തൽമണ്ണ, ഗുരുവായൂർ, കാഞ്ഞങ്ങാട് എന്നീ 12 നഗരസഭകളാണ് ആദ്യ ദിനം മത്സരത്തിൽ പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു നഗരസഭകളും ശുചിത്വ മാതൃകകൾ അവതരിപ്പിക്കും