ഏപ്രിൽ 9 മുതൽ 13 വരെ കനകക്കുന്നിൽ  നടക്കുന്ന വൃത്തി ദേശീയ ശുചിത്വ കോൺക്ലേവിൽ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയത ശ്രദ്ധനേടുകയാണ്. 

മാലിന്യ സംസ്കരണരംഗത്ത് നിലനിൽക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനായി തയ്യാറാക്കുന്ന സംവിധാനമായ “ശാസ്ത്രീയ ലാൻഡ്ഫിലാ”ണ് ശ്രദ്ധാകേന്ദ്രം. നിഷ്ക്രിയ വസ്തുക്കൾ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് പ്രത്യേകമായി തയ്യാറാക്കുന്നതാണിത്. നിഷ്ക്രിയമായവയും പൊതുനിരത്തുകളും ഓടകളും വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മണ്ണും മറ്റും മാത്രമേ ലാൻഡ്ഫിൽ ചെയ്യുകയുള്ളൂ. 

എല്ലാ നഗരസഭകളും നിഷ്ക്രിയ വസ്തുക്കൾ നിർമ്മാർജനം ചെയ്യുന്നതിന് ലാൻഡ്ഫിൽ സ്ഥാപിച്ചിരിക്കണമെന്നാണ് 2016 ലെ ഖരമാലിന്യ പരിപാലന ചട്ടം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലാൻഡ് ഫില്ലിൻ്റെ അഭാവത്തിൽ ഇത്തരം മാലിന്യം പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുകയും അങ്ങനെ പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എല്ലാ തരംതിരിക്കലിനും സംസ്കരണത്തിനും ശേഷം അവശേഷിക്കുന്ന പുനരുപയോഗത്തിനും പുന:ചംക്രമണത്തിനും  സാധിക്കാത്തതും അപകട സാധ്യതയില്ലാത്തതുമായ മാലിന്യങ്ങളായ നിഷ്ക്രിയ വസ്തുക്കളാണ് ശാസ്ത്രീയ ലാൻഡ് ഫില്ലിലേക്ക് എത്തുന്നത്.

ലാൻഡ്ഫില്ലിൻ്റെ ശാസ്ത്രീയതയിലൂടെ….

വിവിധ പാളികളിലായി സംരക്ഷണഭിത്തികളൊരുക്കി തയ്യാറാക്കുന്ന അറകളിലേക്കാണ് നിഷ്ക്രിയ വസ്തുക്കൾ നിക്ഷേപിക്കുന്നത്. ലാൻഡ്ഫില്ലിൽ നിന്ന് ജലാംശമോ വാതകങ്ങളോ മറ്റ് പദാർത്ഥങ്ങളോ ഒന്നും തന്നെ ചുറ്റുപാടുമുള്ള മണ്ണിലേക്കും ഭൂഗർഭ ജലത്തിലേക്കും വായുവിലേക്കും എത്താതെ ഇത്തരം സംരക്ഷണപാളികൾ തടയും .

ലാൻഡ്ഫില്ലിനുള്ളിൽ  നിക്ഷേപിക്കുന്ന നിഷ്ക്രിയ വസ്തുക്കൾ യന്ത്രസഹായത്തോടെ നിരത്തി അവക്ക് മുകളിൽ നിശ്ചിത കനത്തിൽ മണ്ണ് വിരിച്ച് നിഷ്ക്രിയ വസ്തുക്കൾക്ക് അന്തരീക്ഷവുമായുള്ള സമ്പർക്കം ഇല്ലാതാക്കും. ലാൻഡ്ഫില്ലിലേക്ക് എത്തുന്ന വസ്തുക്കൾ നിഷ്ക്രിയ വസ്തുക്കളാണെന്ന് പരിശോധിച്ചുറപ്പാക്കും. 

പദ്ധതി പ്രദേശത്തും ചുറ്റുപാടുമുള്ള വായുവും ഭൂഗർഭ ജലവും പരിസരത്തെ മണ്ണും നിശ്ചിത ഇടവേളകളിൽ പരിശോധിക്കും. 

ലീച്ചെറ്റ്, മഴവെള്ളം, ഗ്യാസ് എന്നിവ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുളള സംവിധാനം ഉറപ്പാക്കും. ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തും. പദ്ധതി പ്രദേശത്ത് കുറ്റമറ്റ സുരക്ഷ നിരീക്ഷണ സംവിധാനം ഒരുക്കും.