മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന വൃത്തി ദേശീയ കോൺക്ലേവ് രണ്ടാം ദിനത്തിൽ ഒരുക്കുന്ന വിസ്മയങ്ങൾ ഏറെയാണ്. സംസ്ഥാനത്തെ മികച്ച ഹരിത കർമ്മ സേനയുടേയും മുനിസിപ്പൽ കോർപ്പറേഷൻ്റേയും തിരഞ്ഞെടുക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുള്ള മികച്ച ശുചിത്വ മാതൃകകളുടെ അവതരണം പാലസ് ഹാളിൽ കാഴ്ചക്കാരന് ബോധവത്കരണത്തിൻ്റെ പാഠങ്ങൾ സമ്മാനിക്കും. ഇവയ്ക്കു പുറമെ, രണ്ടാം ദിനമായ വ്യാഴാഴ്ച ഒമ്പത് വേദികളിലായി വിവിധ വിഷയങ്ങളിൽ കോൺഫറൻസുകളും നടക്കും.
ജൈവമാലിന്യ സംസ്കരണത്തിൽ സാധാരണക്കാരനുതകുന്ന വിധത്തിൽ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന സെഷനിൽ തുടങ്ങി മാലിന്യ സംസ്കരണത്തിലെ ഭിന്നതകളെ ഒരുമയോടെ സമവായത്തോടെ കൈകാര്യം ചെയ്യുന്ന പ്രോഗ്രാം ട്രാക്കുകൾ കാഴ്ചക്കാരന് വേറിട്ടനുഭവമാകും സമ്മാനിക്കുക.
ജനാധിപത്യത്തിൽ മാറ്റങ്ങളുടെ കാവലാളായി വർത്തിക്കുന്ന മാധ്യമങ്ങളുടെ പങ്കും വൃത്തിയുടെ രണ്ടാം ദിനത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകും. മുഖ്യധാരാ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരങ്ങടങ്ങുന്നവരുടെ പാനൽ മാലിന്യ സംസ്കരണത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച നടത്തും.
നാളെ വൈകിട്ട് 5 ന് ആരംഭിക്കുന്ന ദേശീയ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം സെഷനിൽ “വികസനോന്മുഖ മാധ്യമ പ്രവർത്തനവും സമകാലീന മാധ്യമ പരിസരവും” എന്നത് വിഷയമാവും.
സാമൂഹിക കടമകൾക്ക് അടിത്തറയായി പ്രകൃതിയോടുള്ള ഉത്തരവാദിത്വവും നിറവേറ്റുകയെന്ന ലക്ഷ്യം ആവർത്തിച്ചുകൊണ്ട്, കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിക്കുന്ന കോൺഫറൻസും നാളത്തെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
ഖരമാലിന്യ സംസ്കരണത്തിലെയും ദ്രവമാലിന്യസംസ്കരണത്തിലെയും പ്രധാന വെല്ലുവിളികൾ പരിഹരിച്ച് നവീന പരിഹാരങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന “വേസ്റ്റത്തോൺ”, കോൺക്ലേവിൻ്റെ രണ്ടാം ദിനത്തിൽ മസ്ക്കറ്റ് ഹോട്ടലിൽ നടക്കും.
ബോധവത്കരണത്തിനൊപ്പം, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന അവതരിപ്പിക്കുന്ന ആദിവാസി നൃത്തം മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ സംഗീത സായാഹ്നം വരെ രണ്ടാം ദിനത്തിൽ വിനോദത്തിൻ്റെ വിരുന്നൊരുക്കും.