സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ലഭിച്ച വാട്സ് ആപ്പ് പരാതികളിൽ 2820 എണ്ണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി. 2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 18,72,320/- രൂപ പിഴചുമത്തി. ഈ തുകയിൽ 8,92,840/- രൂപ ഇതുവരെ ഈടാക്കുകയും ചെയ്തു.

മാലിന്യങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് 9446700800 എന്ന വാട്സാപ്പ് നമ്പർ ആരംഭിച്ചത്. ഇത് നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് 4818 പരാതികൾ ലഭിച്ചത്. അവ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അയച്ചുനല്കിയതിൽ കുറ്റക്കാരെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുള്ള പരാതികളിൻമേലാണ് നടപടി സ്വീകരിച്ചത്. പിഴയ്ക്കു പുറമേ, നിയമലംഘനം നടത്തിയ 11 പേരുടെമേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിംഗിൾ വാട്സ് ആപ്പ് സംവിധാനം കൊണ്ടുവന്നത്. പൊതുജനങ്ങൾ നല്കുന്ന പരാതികൾ തദ്ദേശസ്ഥാപനങ്ങൾ പരിശോധിച്ചതിനുശേഷം നടപടി സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതുവരെ ഇത്തരത്തിൽ 28,500 രൂപ പ്രഖ്യാപിക്കുകയും 18,000 രൂപ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങളിൽ വ്യക്തികളെയോ വാഹന നമ്പറോ തിരിച്ചറിയാൻ കഴിയുംവിധം ഫോട്ടോ/വീഡിയോ പകർത്തി 9446700800 വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണമെന്ന് ശുചിത്വമിഷൻ ഡയറക്ടർ യു.വി.ജോസ് അഭ്യർത്ഥിച്ചു.